രണ്ടാമൂഴം / എം. ടി വാസുദേവന്‍നായര്‍

കഴിഞ്ഞ മൂന്നു ദിവസങ്ങൾ കൊണ്ട് എം.റ്റി.യുടെ ‘രണ്ടാമൂഴം’ മുഴുവനും വായിച്ചു …. ഞാൻ പൂർണ്ണമായി വായിക്കുന്ന രണ്ടാമത്തെ പുസ്തകം …
മഹാഭാരതം ഭീമസേനന്റെ വീക്ഷണത്തിൽ കൂടി വിവരിചിരിക്കുകയാണ് അതിൽ ….. മഹാഭാരതം എന്ന ഇതിഹാസത്തോട് സമൂഹത്തിൽ സാമാന്യം നിലനിൽക്കുന്ന പല സങ്കൽപ്പങ്ങളെയും പൊളിച്ചെഴുതപ്പെടുന്നുണ്ട് അതിൽ …. അതിമാനുഷതയും , അത്ഭുതപ്രകടനങ്ങളും നടത്തിയതായി വിവരിക്കപ്പെട്ട ശ്രീകൃഷ്ണൻ ഉൾപ്പടെ എല്ലാ കഥാപാത്രങ്ങളേയും എല്ലാവരെയും പോലെ മജ്ജയും മാംസവും വികാരവും വിചാരവുമുള്ള കേവലം പച്ചമനുഷ്യരായിട്ടാണ് അവതരിപ്പിച്ചത് …. .

അർജ്ജുനനും ശ്രീകൃഷ്ണനും മദ്യപിക്കാൻ വേണ്ടി പോകുന്നത് ചിലസ്ഥലങ്ങളിൽ ആവര്ത്തിച്ചു പറയുന്നുണ്ട് …
ദ്വാപരയുഗത്തിലെ ആളുകളുടെ ജീവിതരീതിയും ഭക്ഷണവും വസ്ത്രാലങ്കാരവും ആയുധ നിർമ്മാണവും ഒക്കെ സുവ്യക്തമായി പറയുന്നു ….. മണ്ണ് കൊണ്ട് നിർമ്മിച്ച കട്ടകൾ കൊണ്ട് മന്ദിരം നിർമ്മിക്കുന്നത് കാശിയിൽ വച്ച് ആദ്യമായി കാണുന്നു എന്ന് ഭീമൻ പറയുന്നത് മരപ്പലകകളിൽ നിന്ന് മണ്കട്ടകളിലേക്ക് സൌധഭിത്തികൾ മാറിയ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നു ….

വളരെയധികം നാടകീയ മുഹൂർത്തങ്ങൾ കഥയിലുടനീളം കാണപ്പെടുന്നുണ്ട് …. വനവാസ കാലത്ത് ഒരുവർഷക്കാലം യുധിഷ്ടിരന്റെ ഭാര്യയായി വസിച്ചു കഴിഞ്ഞ് ഭീമന്റെ ഊഴത്തിനു വേണ്ടി കാത്തിരുന്ന ദിവസം തന്നെ അർജ്ജുനനൻ തീർഥാടനം കഴിഞ്ഞു വരികയും തന്റെ ആഗ്രഹങ്ങളെ പാഞ്ചാലിക്കൊപ്പം യാത്രതിരിക്കാൻ കരുതിവച്ച ഭാണ്ടക്കെട്ടിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഭീമനെ വർണ്ണിച്ചത് സമകാലീന സിനിമകളിൽ പോലും കാണപ്പെടുന്ന കേവല നാടകീയത പോലെ അനുഭവപ്പെട്ടു ….അത്തരം മുഹൂർത്തങ്ങൾ ആവർത്തിച്ചു കാണപ്പെട്ടു.

ഒരു വടക്കൻ വീരഗാഥയിൽ ചന്തു ചതിയനല്ലാതായപ്പോൾ ഉണ്ണിയാർച്ചയിലാരുന്നു ചതിയുടെയും ക്രൂരതയുടെയും പരിവേഷം സന്നിവേശിക്കപ്പെട്ടത് ….. രണ്ടാമൂഴത്തിൽ പാഞ്ചാലിക്കൊപ്പം പാണ്ഡവമാതാവ് കുന്തിയെ കൂടി ക്രൂരതയുടെയും കുടിലബുദ്ധിയുടെയും പര്യായമാക്കപ്പെട്ടത് ഭീമന് സഹതാപം ലഭിക്കാൻ വേണ്ടിയാണോ എന്ന് തോന്നിപോയി …. ഒരു ഘട്ടത്തിൽ എം.റ്റി.യുടെ ദേഷ്യം സ്ത്രീകളോട് മാത്രമാണോ എന്ന് തോന്നിയപ്പോഴാണ് ആ ലിസ്റ്റിൽ മഹാഭാരതത്തിൽ നല്ലവനായി ചിത്രീകരിക്കപ്പെട്ട വിദുരരും ഉൾപ്പെടുന്നത് കണ്ടത് …..

ഇതിഹാസത്തിൽ വളരെയധികം പ്രാധാന്യം നല്കിയിരുന്ന പല കഥാപാത്രങ്ങളെയും പല സന്ദർഭങ്ങളിലും തികച്ചും അപ്രാധാന്യം നൽകുകയോ ഒഴിവാക്കപ്പെടുത്തുകയോ ചെയ്തിട്ടുണ്ട് ….. കൗരവസഭയിൽ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഇരയാകുമ്പോൾ ശ്രീകൃഷ്ണൻ മറ്റൊരു നാട്ടിലെ ഒരു രാജാവുമായി യുദ്ധത്തിൽ ആയിരുന്നു എന്നും താൻ ഉണ്ടായിരുന്നെങ്കിൽ ചൂത് നടക്കില്ലായുരുന്നു എന്നും ‘വിവരം അറിഞ്ഞു വരുന്ന’ കൃഷ്ണൻ യുധിഷ്ടിരനോടായി പറയുന്നതായി വിവരിക്കുന്നത് അതിനുദാഹരണമാണ് …

അതോടൊപ്പം തന്നെ ഭീമന്റെ തേരാളി വിശോകനെ പോലെ വളരെ ഇതിഹാസത്തിൽ അപ്രാധാനമായ പല കഥാപാത്രങ്ങളെയും വളരെ പ്രാധാന്യത്തോടെ അടുത്തറിയാൻ പാകത്തിൽ ചിത്രീകരിച്ചിട്ടുണ്ട് …… ഹസ്തിനപുരിയിലെ ആന പന്തിയിൽ ആനകളെ പരിചരിക്കുന്ന പേര് പറയാത്ത പ്രായം ചെന്ന ആളെ പോലും വായനക്കാരന്റെ ഓർമ്മയിൽ നിർത്തുന്നു എന്നത് ശ്രദ്ധേയം തന്നെ .

മൂല കഥയിലും കഥാപാത്രങ്ങളുടെ പേരിലും മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല എങ്കിലും തന്റേതായ ചില കൂട്ടിചേർക്കലുകൾ നടത്തിയിട്ടുണ്ട് എന്ന് എം.റ്റി. തന്നെ ഉപസംഹാരത്തിൽ പറയുന്നുണ്ട് ….. ഉത്തരം നല്കാതെ വ്യാസൻ ഉപേക്ഷിച്ചു പോയ ചില കഥാസന്ദർഭങ്ങളെയാണ് അദ്ദേഹം അതിന് ന്യായീകരണമായി പറയുന്നതും ….. ആ വീക്ഷണത്തോട് പൂർണ്ണമായും യോജിക്കാനും കഴിയുന്നുണ്ട് ….. !!

മഹാഭാരത കഥകളിലെ പല സന്ദർഭങ്ങളും കഥകളിയ്ക്ക് വേണ്ടി ആഴത്തിൽ പഠിച്ചിട്ടുള്ളതിനാൽ ആദ്യ വായനയിൽ തന്നെ എം.റ്റി.യുടെ ആശയത്തെ പൂർണ്ണമായി ഉൾകൊള്ളാൻ കഴിഞ്ഞു എന്ന് കരുതുന്നു ….. നോവലിൽ ആദ്യാന്തം എവിടെയും എന്നിൽ സംശയം ജനിപ്പിച്ചില്ല എന്നതിൽ നിന്നാണ് ഈ നിഗമനം ……!!!
വളരെ നല്ലൊരു വായനാനുഭവമായിരുന്നു എന്ന് നിസ്സംശയം പറയാം …!!!!

എഴുതിയത്  വിജയകുമാര്‍

എഴുതിയത് വിജയകുമാര്‍

Category: BOOK REVIEW

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.