ആടുജീവിതം / ബെന്യാമിന്‍

ജയിലില്‍ ഗോതമ്പുണ്ട മാറ്റി ചപ്പാത്തിയും ബിരിയാണിയും ആക്കി എന്ന് കേട്ടപ്പോള്‍ തമാശയ്ക് ഞാനും പറഞ്ഞിട്ടുണ്ട്, അവിടെയെങ്ങാനും പോയിക്കിടക്കാമായിരുന്നു എന്ന്. കൊല്ലാനുംമാത്രം ശത്രുത ആരോടും ഇല്ലാതിരുന്നതുകൊണ്ടും ഒരു പഴുതാരയെപ്പോലും തല്ലിക്കൊല്ലാനുള്ള ധൈര്യമില്ലാതതുകൊണ്ടും ജയിലിലെ ചപ്പാത്തി കാശുകൊടുത്തു വാങ്ങിക്കഴിച്ചു കൊതി തീര്‍ത്തു. അല്ലെങ്കിലും ജയില്‍വാസം അനുഭവിക്കണമെന്ന് ആത്മാര്‍ഥമായി ആരെങ്കിലും ആഗ്രഹിക്കുമോ? നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ? ഉണ്ടാവില്ല.എന്നാല്‍ നജീബ് ആഗ്രഹിച്ചിട്ടുണ്ട്. ബെന്യാമിന്റെ ആട്ജീവിതത്തിലെ നജീബ്. ഒരു വീട് കുറച്ചു മണ്ണ് സമാധാനാമായ ഒരു ജീവിതം എന്ന സ്വപ്നവുമായി, നിറഗര്‍ഭിണിയായഭാര്യയെ വയസ്സായ ഉമ്മയെ ഏല്‍പ്പിച്ച് കടലുകടന്നുപോയ നജീബ് എങ്ങനെയെങ്കിലും ഒന്ന് ജയിലിനുള്ളില്‍ ആയെങ്കില്‍ എന്ന് പ്രാര്‍ഥിച്ചുവെങ്കില്‍ എത്ര ഭീകരമായ അനുഭവങ്ങളായിരിക്കും അയാള്‍ നേരിട്ടിട്ടുണ്ടാകുക. നമുക്കൊന്നും ഊഹിക്കാന്‍പോലും ആകാത്തത്ര ദുരിതങ്ങള്‍ ആ പാവം സഹിച്ചു. എത്തപ്പെട്ട ദിവസങ്ങളില്‍ കേട്ട “അര്‍ബാബ് ” എന്ന അയാള്‍ ആദ്യംസ്നേഹിക്കുകയും ആശ്രയം കാണുകയുംചെയ്ത വാക്ക് അനുഭവങ്ങളിലൂടെ പേടിസ്വപ്നമാകുന്ന കാഴ്ച നോവലില്‍ കാണാന്‍ കഴിയും.

മാന്യമായ ഒരു ജോലിയും മോശമില്ലാത്ത വേതനവും പ്രതീക്ഷിച്ചുവന്ന ഒരു സാധാരണ മലയാളി യുവാവ് പാതിരാത്രിയില്‍ , എത്തിപ്പെട്ടത്എവിടെയെന്നുപോലും തിരിച്ചറിയാന്‍ വയ്യാത്ത സമയത്ത് , ആട്ടിന്‍കൂട്ടില്‍ ചെന്ന് ചേരുകയാണ്. ആടിനെ മേയ്ക്കല്‍ ആണ് ജോലിയെന്ന് മനസ്സിലാക്കിയ നജീബ് രക്ഷപെടല്‍ എന്ന സ്വപ്നം ഉപേക്ഷിക്കുന്നത് കൂടെയുള്ള, ഭീകരസത്വം എന്ന് ആദ്യകാഴ്ചയില്‍ തോന്നിയ മുടിയും താടിയും നീണ്ടുവളര്‍ന്ന രൂപം തന്നെപ്പോലെ ഒരുപിടി സ്വപ്നങ്ങളുമായി മരുഭൂമിയില്‍ വന്നിറങ്ങിയ മനുഷ്യനാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. കിടക്കാനോ ഇരിക്കാണോ ഒരു തണല്‍ കാണാതെ കൂടെയുള്ളയാള്‍ ഉപയോഗിക്കുന്ന, ആകെയുളള്ള ഒരു കട്ടിലിന്റെ അടിയില്‍ അതിന്റെ നിഴലിന്റെ ആശ്വാസത്തില്‍ അത് സ്വര്‍ഗമാണ് എന്ന് വിചാരിക്കുന്ന നജീബ് മനസ്സില്‍ ഒരു വിങ്ങലായി നിലനില്‍ക്കുന്നു. ദിവസവും രണ്ടുനേരം കുളിക്കുന്ന , കുളിക്കാതെ വെള്ളംപോലും കുടിക്കാത്ത ഒരു മനുഷ്യന്‍ ശൗചം ചെയ്യാന്‍ വെള്ളമെടുതത്തിന്റെ പേരില്‍ അടികൊണ്ട് അവശനാകുകയാണ്. അവിടെയും സായിപ്പിന് കടലാസ്ആകാമെങ്കില്‍ എനിക്ക് കല്ലുമതി എന്ന് അടുത്ത ദിവസങ്ങളില്‍ തീരുമാനിച്ചത് തമാശയെന്ന് ചിന്തിക്കാന്‍ നമുക്ക് ഒരിക്കലും കഴിയില്ല.

ഉണങ്ങിവരണ്ട മരുഭൂമിയില്‍ കല്ലും മണലുമല്ലാതെ മറ്റെന്തുകിട്ടാന്‍ .നാട്ടില്‍നിന്നും കൂടെയെത്തിയ ഹക്കീം എന്ന യുവാവിനും തന്റെ ഗതി വന്നതോര്‍ത്ത് സങ്കടപ്പെടാന്‍ , ഈ അവസ്ഥയിലും, ഈ ഒരു നജീബിനെ കഴിയൂ.

കണ്മുന്നില്‍ പെറ്റു വീണ ആട്ടിന്കുട്ടിക് സ്വന്തം കുഞ്ഞിനു നല്‍കാന്‍ വച്ചിരുന്ന പേരിട്ടു സ്വന്തം മകനായി വളര്‍ത്താന്‍ തീരുമാനിച്ചപ്പോഴേക്കും നജീബ് ഇതാണ് തന്റെ വിധി എന്ന് തീരുമാനിച്ചു കഴിഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം പെയ്ത മഴയില്‍നിന്നും ഓടിയൊളിക്കുന്ന നജീബ് അത്രയും നാളുകള്‍ കഴിഞ്ഞു ശരീരത്തില്‍ വീണ ഓരോ മഴത്തുള്ളികളും സൂചിക്കുത്തുകള്‍ പോലെ നൊമ്പരമേല്‍പ്പിച്ചു എന്നാണു പറയുന്നത്. നാട്ടില്‍ നജീബിന് മണല്‍ വാരലായിരുന്നു ജോലി എന്നുകൂടി അറിഞ്ഞെന്കിലെ ജോലിചെയ്യുന്ന മുഴുവന്‍ സമയവും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരാള്‍ക്ക് ഒരു തുള്ളിവെള്ളം സൂചിമുനയായാതിന്റെ ഭീകരതയുടെ ആഴം മനസ്സിലാകൂ..

വീണുകിട്ടിയ ഒരവസരത്തില്‍ ഹക്കീമും അവന്റെ കൂടെയുള്ള ഇബ്രാഹിം ഖാദരിയും നജീബും കൂടിനടത്തുന്ന രക്ഷപെടല്‍ശ്രമത്തിനിടയില്‍ ദാഹജലം കിട്ടാതെ ആഹാരം കിട്ടാതെ ഓടിയോടി അവശരായ അവരില്‍ ഹക്കീം മറ്റുരണ്ടുപെരുടെ കണ്മുന്നില്‍ പിടഞ്ഞു മരിക്കുകയാണ്. പ്രതീക്ഷകളും സ്വപ്നങ്ങളുമായി കൂടെവന്ന ഹിന്ദിസിനിമയിലെ നായകനാക്കാം എന്ന് നജീബ്തന്നെ പറഞ്ഞിട്ടുള്ള കൂട്ടുകാരന്‍ എല്ലുംതോലുമായി താടിയും മുടിയും നീണ്ട് അഴുക്കുപരലുകള്‍ നിറഞ്ഞ ശരീരമായി കണ്മുന്നില്‍ കിടക്കുന്ന കാഴ്ചയില്‍ സ്വന്തം പ്രാണനും കൂടി കെട്ടുപോകാന്‍ അല്ലാഹുവിനോട് പ്രാര്ധിക്കുന്ന നജീബ് ഒരു ദയനീയ കാഴ്ചയാണ്.

പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഗള്‍ഫില്‍ അച്ഛനുള്ള കൂട്ടുകാരെ കളിയാക്കാനായി അവര്‍ക്കവിടെ ഒട്ടകത്തിനെ നോക്കുന്ന ജോലിയാണ് അല്ലെങ്കില്‍ ഈന്തപ്പനയില്‍ കയറ്റമാണ് എന്നൊക്കെ പറയുമ്പോള്‍ ഞാനും ചിരിച്ചിട്ടുണ്ട്. ഇനി ഒരിക്കലും ഞാന്‍ അത്ര നിസാരതയോടെ അതോര്‍ക്കില്ല. കണ്ണ് നിറയാതെ നജീബിനെ ഓര്‍ക്കാതെ എനിക്കെന്റെ ആട്ടികുട്ടിയെപ്പോലും നോക്കാന്‍ പറ്റുന്നില്ല. ആകെയുള്ള ഒരാട്ടിന്കുട്ടിയെ “എന്ത് കഷ്ടപ്പാടാണ് നോക്കാന്‍ ” എന്ന് ഞാനിനി പറയില്ല. ഞാനിനി വെള്ളം പാഴാക്കില്ല. വെയിലില്‍ കുടപിടിക്കില്ല. പ്രാര്ധിക്കും, പലപേരുകളില്‍ അറിയപ്പെടുന്ന എല്ലാ ദൈവങ്ങളോടും. ഇനി ഒരാളും നജീബാകരുതേ എന്ന്. നബീലുമാര്‍ക്ക് ഉപ്പമാര്‍ നഷ്ടമാകരുതേ എന്ന്.

എഴുതിയത്.അനുപമ ജി നായർ

എഴുതിയത്.അനുപമ ജി നായർ

Category: BOOK REVIEW

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.