ഒരു കഥ

തിരക്കേറിയ നിരത്തിലൂടെ
പാഞ്ഞു പോകുന്ന
വെളുത്ത വാഹനത്തിന്റെ
ഓരോ നിലവിളി ശബ്ദത്തിലും
ഒരു കഥയുണ്ടാകും.
നിലക്കാത്ത പ്രാർത്ഥനയും
തോരാത്ത കണ്ണുനീരും
ഓരോ യാത്രയിലും
അനുഗമിക്കുന്നുണ്ടാകാം.
അറുത്തുമാറ്റിയ
ഒരു കുരുക്കിന്റെ കഷ്ണമുണ്ടാകാം.
ശ്വാസം മുട്ടിപ്പിടഞ്ഞ ഹൃദയത്തിൽ
ഒരു കുടം വെള്ളമുണ്ടാകാം.
ഇരമ്പിപ്പാഞ്ഞ യൗവ്വനത്തിന്റെ
മുരളിച്ചകളുണ്ടാകാം.
ഓർക്കാപ്പുറത്ത് ജീവനിലേക്ക് വീണ
കാലപാശമുണ്ടാകാം.
അറിയാതെ പറ്റിയ
ഒരു കൈത്തെറ്റുണ്ടാകാം.
അറിഞ്ഞു ചെയ്തോരു
അപരാധവുമുണ്ടാകാം.
എന്തെന്നു പറഞ്ഞാലും
ആ നിലവിളിയ്ക്കൊപ്പം
ഈശ്വരന്റെ ഒരു കയ്യൊപ്പുണ്ടാകാം.
എന്തെന്നാൽ.
എരിഞ്ഞു തീരാറായ
ജീവനെ കാത്തുരക്ഷിക്കാൻ
രണ്ടു കൈകളും ഒരു മനസും
വളയത്തിൽ മുറുകെപ്പിടിച്ച്
ഇടതടവില്ലാത്ത
ഈശ്വരനെ വിളിക്കുന്നുണ്ടാകാം.

രമ്യ ജെ പിള്ള

രമ്യ ജെ പിള്ള

Category: READERS' CORNER

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.