നഴ്‌സുമാരുടെ സമരം മാറ്റി വെച്ചു; 19ന് ചര്‍ച്ച

തൃശൂര്‍: നാളെ മുതല്‍ സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്താനിരുന്ന സമരം മാറ്റി വെച്ചതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.ഇന്നലെ തൃശൂരില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജന്‍ സംഘടനാ നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഹൈക്കോടതിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സമരം നീട്ടി വെക്കുകയാണെന്ന് യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു.

19ന് നടത്തുന്ന ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്ക് അനുകൂല തീരുമാനമായില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.19 ലെ ചര്‍ച്ചയ്ക്കു ശേഷമേ സെക്രട്ടേറിയറ്റിനു മുന്നില്‍ 21ന് നടത്താനിരിക്കുന്ന സമരത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു. സമരം മാറ്റി വെച്ചാല്‍ ചര്‍ച്ചയാകാമെന്ന് നഴ്‌സുമാരോട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും സമരത്തില്‍നിന്നു വിട്ടു നില്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ആരോഗ്യ സേവന മേഖലയില്‍ എസ്മ പ്രഖ്യാപിച്ചിട്ടുള്ളതായും കോടതി വ്യക്തമാക്കിയിരുന്നു.

യുഎന്‍എ യോഗത്തില്‍ പ്രസിഡണ്ട് ജാസ്മിന്‍ഷ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. വി. സുധീപ്, രക്ഷാധികാരി വത്സന്‍ രാമംകുളത്ത്, ട്രഷറര്‍ ബിബിന്‍ എന്‍. പോള്‍, വൈസ് പ്രസിഡന്റുമാരായ ഷോബി ജോസഫ്, സുജനപാല്‍ അച്യുതന്‍, ജോ.സെക്രട്ടറി രശ്മി പരമേശ്വരന്‍, ബെല്‍ജോ ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Category: KERALA, LATEST NEWS, THRISSUR

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.