അസം വെള്ളപ്പൊക്കം: മരണം 59 ആയി

ഗുവാഹത്തി : അസമില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 59 ആയി. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 24 ജില്ലകളിലായി 10ലക്ഷം പേരാണ് ദുരിതാശ്വാസക്യാമ്പുകളിലുള്ളത്. 66,516 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാണ്. വിവിധയിടങ്ങളില്‍ റോഡുകള്‍, ചിറകള്‍, പാലങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നു

അസമിലെ താഴ്ന്ന പ്രദേശമായ ഗുവാഹത്തി അടക്കം 24 ജില്ലകളെയാണ് പ്രളയം സാരമായി ബാധിച്ചത്. 2488 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിനാല്‍ വൈദ്യസഹായം ഉള്‍പ്പെടെ അടിയന്തര സഹായം എത്തിക്കുമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് കന്നുകാലികളടക്കം കൂട്ടത്തോടെ പലയിടങ്ങളില്‍ ചത്തുപൊങ്ങിയിട്ടുണ്ട്.

കാസിരംഗ ദേശീയോദ്യാനത്തിന്റെ 52ശതമാനവും വെള്ളത്തിനടിയിലാണ്. കാസിരംഗ ദേശീയ പാര്‍ക്കിലെ 58 മൃഗങ്ങള്‍ ചത്തതായി പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. വെള്ളപ്പൊക്കം മൂലം ഉദ്യാനത്തിന് പുറത്ത് കഴിയുന്ന മൃഗങ്ങളെ നിരീക്ഷിക്കാന്‍ വനം വകുപ്പും ദേശീയോദ്യാന അധികൃതരും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ ധുബ്രി പട്ടണത്തിലും ജോറട്ടിലെ നിമതിഗഡിലും അപകട രേഖക്കും മുകളിലാണ് ബ്രഹ്മപുത്ര ഒഴുകുന്നത്.

Category: Breaking News

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.