എല്ലാവര്‍ക്കും നന്ദി പറഞ്ഞ് റോഹന്‍ ലാഹോറിലേക്കു തിരിച്ചു പോയി

ന്യൂഡല്‍ഹി:എല്ലാറ്റിനും നന്ദി.. കന്‍വാല്‍ സിദ്ദിഖി എന്ന പാക്കിസ്ഥാന്‍കാരന്റെ വാക്കുകള്‍ ഇടറി. അടുത്ത് ഭാര്യ അനം സിദ്ദിഖിയുടെ മുഖത്ത് ആശ്വാസവും ആഹ്ലാദവും. അനമിന്റെ കൈകളിലിരുന്ന് നാലര വയസ്സുകാരന്‍ റോഹന്‍ വിസ്മയത്തോടെ ചുറ്റും നോക്കുന്നു.ഇന്ത്യയെ ആക്രമിക്കാന്‍ അതിര്‍ത്തി കടന്ന് ഭീകരരെ അയക്കുന്ന പാക്കിസ്ഥാനുള്ള ഇന്ത്യയുടെ മറുപടിയാണ് ഈ കുരുന്നിന്റെ ജീവന്‍.

ലാഹോറില്‍ നിന്ന് റോഹന്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ അവന്റെ കുരുന്നു ഹൃദയത്തില്‍ ഒരു ദ്വാരമുണ്ടായിരുന്നു. അവന്റെ ജീവന്‍ രക്ഷിക്കാനാവുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, നോയിഡയിലെ ജെപീ ആശുപത്രിയില്‍ നിന്ന് റോഹന്‍ ഇന്നലെ തിരിച്ചു പോകുമ്പോള്‍ അവന്റെ ഹൃദയം സാധാരണ നിലയില്‍ സ്പന്ദിക്കുന്നു. പാക്കിസ്ഥാനിലെ ഡോക്ടര്‍മാര്‍ റോഹന്റെ ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയപ്പോള്‍ ചികിത്സയ്ക്കായി യുഎഇയിലേക്കു പോകാനാണ് ഉദ്ദേശിച്ചത്. പിന്നീട് ഇന്ത്യയിലേക്കു വരാന്‍ ശ്രമം തുടങ്ങി. വിസ കിട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ തടസ്സങ്ങള്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് കന്‍വാല്‍ സഹായം അഭ്യര്‍ഥിച്ചു. സുഷമ ഒന്നിലേറെത്തവണ പ്രശ്‌നത്തില്‍ ഇടപെട്ടു.

തടസങ്ങള്‍ മാറി. ജൂണ്‍ പന്ത്രണ്ടിന് നേരിയതെങ്കിലും പ്രതീക്ഷയോടെ മകനുമായി കന്‍വാലും അനവും നോയിഡയിലെ ആശുപത്രിയില്‍ എത്തി. 14ന് അഞ്ചു മണിക്കൂര്‍ സമയമെടുത്ത ശസ്ത്രക്രിയ. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഏറെ ഗുരുതരമായിരുന്നു റോഹന്റെ അവസ്ഥ. ശരീരം നീലച്ചു. നന്നായി ശ്വാസമെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ. അതിനും പിന്നാലെയാണ് ന്യുമോണിയ ബാധിച്ചത്.

എല്ലാ ആശങ്കകളും അകന്ന് ശസ്ത്രക്രിയ വിജയമായി. റോഹന്‍ ജീവിതത്തിലേക്കു മടങ്ങി വന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അവര്‍ കഴിഞ്ഞ ദിവസം ലാഹോറിലേക്കു തിരിച്ചു പോയി. താങ്ക് യു ഇന്ത്യ… റോഹന്റെ അച്ഛന്‍ കന്‍വാല്‍ മറ്റൊന്നു കൂടി പറഞ്ഞു, സുഷമ സ്വരാജിന്റെ വലിയ ഹൃദയമാണ് ഇപ്പോള്‍ എന്റെ മകന്റെ ധമനികളിലേക്ക് രക്തം നിറയ്ക്കുന്നത്

ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം മടങ്ങിയ പാക് ബാലന്‍ മരിച്ചു ( 07.08.2017 )

ഇന്ത്യയില്‍ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയ ശേഷം മടങ്ങിയ പാകിസ്താന്‍ ബാലന്‍ നിര്‍ജ്ജലീകരണം മൂലം മരിച്ചു. നാലുമാസം പ്രായമുള്ള പാകിസ്താന്‍ കുട്ടി രോഹാന്‍ സാദിഖിനാണ് ഈ ദുര്‍വിധി. തിങ്കളാഴ്ച രാത്രിയാണ് രേവാഹാന്‍ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ മാസമായിരുന്നു രോഹാന്റെ ശസ്ത്രക്രിയ. നോയിഡയിലെ ജയ്പീ ആശുപത്രിയില്‍ ജൂലായ് 14നായിരുന്നു ശസ്ത്രക്രിയ നടന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടാണ് രോഹാന് ഇന്ത്യയില്‍ എത്താന്‍ മെഡിക്കല്‍ വീസ സംഘടിപ്പിച്ച് നല്‍കിയത്.

രോഹാന്റെ മരണ വിവരം പിതാവ് കന്‍വാള്‍ സാദിഖ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. വലിയൊരു ഹൃദയ ശസ്ത്രക്രിയയെ അതിജീവിച്ച രോഹാന് നിസാരമായ നിര്‍ജ്ജലീകരണത്തില്‍ കാലിടറി വീണുവെന്നായിരുന്നു പോസ്റ്റ്.

ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായിരിക്കുന്ന സമയത്താണ് രോഹാന്റെ പിതാവ് മെഡിക്കല്‍ വീസയ്ക്ക് അപേക്ഷിച്ചത്. തന്റെ മകന്റെ കാര്യത്തില്‍ സര്‍താജ് അസീസോ സുഷമ സ്വരാജോ നിലപാട് അറിയിക്കണമെന്ന് സാദിഖ് ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സ്വരാജ് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിക്കാനും മെഡിക്കല്‍ വീസയ്ക്ക് തയ്യാറാണെന്നും അറിയിക്കുകയായിരുന്നു.

Category: SPECIAL REPORT

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.