ആക്‌സിസ് ബാങ്കും സേവിങ്‌സ് അക്കൗണ്ട് പലിശ കുറച്ചു

മുംബൈ: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിറകെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ച് സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കും. 50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനമാണ് പലിശ. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിരക്കായ നാല് ശതമാനം പലിശ തുടരും.

എസ്ബി അക്കൗണ്ടിലെ പലിശ കുറച്ചുകൊണ്ട് എസ്ബിഐ ആണ് ഇതിന് തുടക്കമിട്ടത്. ഒരു കോടിക്ക് താഴെയുള്ള എസ്ബി അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ നല്‍കുന്നത് 3.5 ശതമാനം പലിശയാണ്.

മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും കര്‍ണാടക ബാങ്കും സമാനമായ രീതിയില്‍ പലിശ നിരക്ക് പരിഷ്‌കരിച്ചിരുന്നു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തിയതോടെയാണ് വായ്പ പലിശ നിരക്കുകള്‍ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്.

Category: NATIONAL

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.