ഖത്തറില്‍ പോകാന്‍ ഇനി വിസ വേണ്ട

ദോഹ: ഇന്ത്യ ഉള്‍പ്പടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കുന്നതിന് വിസ വേണ്ട. നടപടി അടിയന്തരമായി പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഖത്തറിലെത്തിയാല്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഉണ്ടായിരിക്കുന്നതല്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നല്‍കുന്നത്. 30 ദിവസം മുതല്‍ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

സന്ദര്‍ശകന്റെ പൗരത്വം അനുസരിച്ച്‌ ഒന്നുകില്‍ 180 അല്ലെങ്കില്‍ 90 ദിവസം രാജ്യത്ത് ചെലവഴിക്കാന്‍ അനുമതി നല്‍കും. അല്ലെങ്കില്‍ മുപ്പത് ദിവസത്തേക്കാകും അനുമതി. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനുള്ള സാധ്യതയും ഉണ്ടാകും. രാജ്യത്തെ ഹോട്ടല്‍, സാംസ്കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

ഇക്കഴിഞ്ഞ നവംബറിലാണ് ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി സൗജന്യ വിസ അനുവദിച്ചത്. കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വിമാനത്താവളത്തില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് 96 മണിക്കൂറിലേക്കുള്ള സൗജന്യ വിസയാണ് അനുവദിച്ചത്.

Category: NRI, WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.