കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി:ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസത്തിനിടെ മുപ്പതോളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുപി സര്‍ക്കാര്‍. വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

മന്ത്രിമാരായ സിദ്ധാര്‍ത്ഥ് സിംഗ്, അശുതോഷ് ഠണ്ഡന്‍ എന്നിവരെ സ്ഥിഗതികള്‍ നിരീക്ഷിക്കാന്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. വിഷയത്തില്‍ നേരത്തെ മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വീഴ്ച വരുത്തിയതിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചു. സംഭവത്തില്‍ നടപടിയെടുക്കാനും മന്ത്രിയെ ചുമതലപ്പെടുത്തി. പ്രധാനമന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.

ഓക്‌സിജന്‍ ലഭിക്കാത്തതാണ് മുഴുവന്‍ കുട്ടികളുടെയും മരണകാരണമെന്ന ആരോപണം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. ഓക്‌സിജന്റെ അപര്യാപ്തത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല. ഓക്‌സിജന്‍ പ്ലാന്റ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വ്യാഴാഴ്ച രാവിലെ ഓക്‌സിജന്‍ കുറവാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറെ അറിയിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്‌സിജന്റെ അപര്യാപ്തതയുണ്ടെന്നും ഇന്ന് വൈകിട്ട് വരെ ഉപയോഗിക്കാനുള്ളത് മാത്രമേ ബാക്കിയുള്ളൂവെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാത്തതല്ല മരണകാരണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റോട്ടെലയും പറഞ്ഞു. അണുബാധ മൂലമാണ് കുട്ടികള്‍ മരിച്ചതെന്നും ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് എത്തിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Category: Breaking News

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.