രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ദിലീപ് നായകനായി അഭിനയിച്ച രാമലീല എന്ന ചിത്രം റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനു തയ്യാറായ സമയത്താണ് പ്രധാന താരമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും റിലീസിംഗ് മുടങ്ങിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസവസാനിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കും. ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങള്‍ക്കു വേണ്ടി കോടികള്‍ മുടക്കിയ നിര്‍മ്മാതാക്കളുടെ നില പരിതാപകരമാണ്.

നടന്‍ ശ്രീനിവാസന്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീടിനു നേരെ ചിലര്‍ കരിഓയില്‍ പ്രയോഗം നടത്തി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചിത്രം റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം തേടുന്നതെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനും പോലീസിനും നിവേദനം നല്‍കിയിട്ടു നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ ജൂലായ് 21 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പക്ഷേ നടിയെ ആക്രമിച്ച കേസില്‍ ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങി. 15 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച സിനിമയുടെ പ്രചരണത്തിന് ഒരു കോടി രൂപയോളം മുടക്കി കഴിഞ്ഞു. ദിലീപ് അറസ്റ്റിലായതോടെ രാമലീല എന്ന ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തീയറ്റര്‍ ഉടമകള്‍. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല ഈ സാഹചര്യത്തിലാണ് ഹര്‍ജിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Category: ENTERTAINMENT, ERANAKULAM, KERALA, MOVIES

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.