ആരാച്ചാര്‍ / കെ. ആര്‍ . മീര

വായിച്ചു മടക്കിയ പുസ്തകങ്ങളില്‍ നിന്നുമിറങ്ങിവന്ന് , ഉറക്കത്തിലും ഉണര്‍വ്വിലും ഒപ്പമുണ്ടാകുന്ന , ഇണങ്ങിയും പിണങ്ങിയും കലഹിച്ചും സ്നേഹിച്ചും കൂടെ നടക്കുന്ന ഒരു കഥാപാത്രമെങ്കിലും എല്ലാ വായനയിലും ഉണ്ടാകാറുണ്ട്. ജീവിക്കാന്‍ കൊതിച്ചതോ ഭയക്കുന്നതോ ജീവിച്ചുപോകുന്നതോ ആയ സാഹചര്യങ്ങളില്‍ കഥയില്‍ കണ്ടുമുട്ടിയ വാക്കുകള്‍ക്ക് മനസ്സിലിട്ടു രൂപം കൊടുത്ത് ഒപ്പം കൊണ്ടുനടക്കുന്ന ചില സ്വകാര്യങ്ങള്‍.

പെണ്ണിന്റെ എല്ലാ ഭാവങ്ങളും വികാരങ്ങളും ചാപല്യങ്ങളും ഉള്ളപ്പോഴും കരുത്തന്മാര്‍ എന്ന് സ്വയം അഹങ്കരിക്കുന്ന (ക്ഷമിക്കണം കഥയിലെ ചില കഥാപാത്രങ്ങളെ മാത്രമാണ് ഉദേശിച്ചത്) ആണുങ്ങളെപ്പോലും അതിശയിപ്പിച്ചും നാണിപ്പിച്ചും കരുത്തുറ്റ , എന്നാല്‍ പ്രണയവും സ്നേഹവും കരുതലും കൊതിക്കുന്ന ഒരു പെണ്ണായി ജീവിച്ച ചേതനാ ഗൃദ്ധാ മല്ലിക് എന്ന ലോകത്തിലെ ആദ്യത്തെ വനിതാ ആരാച്ചാര്‍ തന്നെയാണ് വായനയ്ക്ക് ശേഷം നാള്‍ കുറെ കഴിഞ്ഞിട്ടും വിട്ടുപോകാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന കഥാപാത്രം.

കെ .ആര്‍. മീരയുടെ ആരാച്ചാര്‍ എന്ന നോവലിലെ നായിക, ആരാച്ചാരായ ഫൊണി ഭൂഷന്‍ മല്ലിക്കിന്റെ മകള്‍. ക്രിസ്തുവിനും നാനൂറു വര്‍ഷങ്ങള്‍ക് മുന്പ് തുടങ്ങിവച്ച ഒരു പാരമ്പര്യത്തിന്റെ അവസാന കണ്ണി.
കുടുംബത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വന്ന അവഗണനകളും സ്വന്തം അച്ഛനടക്കം ആണുങ്ങളുടെ അപഥസഞ്ചാരവും കണ്ടാണ്‌ ചേതന വളരുന്നത്. അവളിലെ പെണ്ണ് ഒരേസമയം തന്നെ കരുത്തനായ ഒരാണിന്റെ തണലില്‍ , അവന്റെ കുഞ്ഞുങ്ങളുടെ അമ്മയായി സമാധാനമായി ജീവിക്കാന്‍ സ്വപ്നം കാണുന്നത്തിനൊപ്പം, ആണുങ്ങളുടെ ആശ്രയമില്ലാതെ സ്വന്തന്ത്രയായി ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാനും ആഗ്രഹിക്കുന്നു. കാരണം അവള്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ പുരുഷന്മാരെല്ലാം ചതിയന്മാരായിരുന്നു. സ്വന്തം അച്ഛനും, പിതാമഹന്മാരും തൊഴിലുടമയും സ്വന്തം നിലനില്‍പ്പിനും ഉന്നതിക്കുമായി മാത്രം കാമുകവേഷംകെട്ടി വന്ന സഞ്ജീവ് കുമാര്‍ മിത്ര യെന്ന മാധ്യമപ്രവര്‍ത്തകന്‍ അടക്കം പരിചയപ്പെട്ട എല്ലാവരും.
ആണിന്റെ കരുത്തുള്ളവളെങ്കിലും പെണ്ണായി ജീവിച്ചുമരിക്കാന്‍ കൊതിച്ച ചേതനയിലേക്ക് കുലത്തൊഴിലായ ആരാച്ചാര്‍പദവി അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു.

നീതിനിര്‍വ്വഹണത്തിന്റെ ഭാഗമായി അച്ഛന്റെ കൈകളാല്‍ തൂക്കിലേറ്റപ്പെട്ട യാളുടെ പിതാവിന്റെ പ്രതികാരമായി കൈകളും കാലുകളും നഷ്ടപ്പെട്ട് കീറപ്പായില്‍ മാംസ പിണ്ടമായി കിടക്കുന്ന ഏക സഹോദരന് ആരാച്ചാര്‍ പദവി ഏറ്റെടുക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമായിരുന്നില്ലാ അത് , സ്വന്തം ചാനലിന്റെ വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ കാമുകന്റെ വേഷം കെട്ടി സൗന്ദര്യം കൊണ്ടും വാക്ചാതുരി കൊണ്ടും ചേതനയിലെ പെണ്ണിനെ വിലയ്ക്കെടുത്ത സഞ്ജീബ്കുമാര്‍ മിത്ര എന്ന കാപട്യക്കാരന്റെ കുടിലതന്ത്രം കൊണ്ട് കൂടി ആയിരുന്നു. അതിനവള്‍ക്കു ധൈര്യം കൊടുത്തത് വിജനമായ ജോലിസ്ഥലത്ത്, കാമഭ്രാന്ത് കൊണ്ട് പെണ്‍കരുത്തിനെ തോല്‍പ്പിക്കാനൊരുങ്ങിയ തൊഴിലുടമയുടെ കഴുത്തില്‍ നിമിഷാര്‍ദ്ധം കൊണ്ട്ചുരിദാറിന്റെ ഷാള്‍ കെട്ടി മുറുക്കിയ കുടുക്കിലെ കൃത്യതയും.

സഞ്ജീബ്കുമാറിനൊപ്പം ഒരു നല്ല ജീവിതം സ്വപ്നം കണ്ട് അയാളുടെ തൊഴിലിന്റെ ഉയര്‍ച്ചയ്കായി ഇഷ്ടമില്ലാത്ത തൊഴില്‍ സ്വീകരിച്ച ചേതനയുടെ മനസ്സില്‍ എല്ലാ ആണുങ്ങളെയും സമന്മാരാകുന്നത് “ഒരിക്കലെങ്കിലും നിന്നെയെനിക്ക് അനുഭവിക്കണം ” എന്ന സഞ്ജീബ്കുമാറിന്റെ വാക്കുകളാണ്.

എടുത്തുപോയ തീരുമാനത്തില്‍ നിന്നും പിന്തിരിയാനാകാതെ കുഴങ്ങുന്ന ചേതനയ്ക്ക് പ്രതികാര ബുദ്ധിയോടും അവജ്ഞയോടും കൂടിയാണെങ്കില്‍ പോലും സഞ്ജീബ്കുമാറിനെ സഹായിക്കേണ്ടി വരുന്നു. അതേസമയം തന്നെ അവളിലെ പെണ്ണ്, അവന്റെ പ്രണയം കൊതിക്കുകയും അവന്റെ തണലില്‍ ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. കാമുകിക്ക് വേണ്ടി അവളുടെ കണ്മുന്നില്‍ വിലപിടിച്ച ആഭരണങ്ങള്‍ മോഷ്ടിച്ച് നല്‍കുന്ന വൈദഗ്ദ്യം ചൂണ്ടിക്കാട്ടിക്കൊടുത്ത സ്വന്തം കാമുകിയില്‍ കള്ളം അടിച്ചേല്‍പ്പിക്കുന്നതിലും ഉണ്ടായിരുന്നു.

ഒരുപാട് കഥകളും കഥാപാത്രങ്ങളും കടന്നു പോകുന്നുണ്ട് ചേതനയുടെ ജീവിതത്തില്‍ തൊട്ടും തൊടാതെയും.
തൂക്കിലേറ്റപ്പെടുന്നവന്റെ അവസാനത്തെ ആഗ്രഹമായ ആലിംഗനത്തില്‍ അമര്‍ന്നു നില്‍ക്കുന്ന ചേതനയ്ക്ക് , ലോകത്തോട്‌ തന്നെ സ്നേഹമുണ്ടാകുന്നത് കാമം മാത്രമല്ല രണ്ടു ശരീരങ്ങളെ ചേര്‍ത്തുപിടിക്കുന്നത് എന്ന് ആദ്യമായി മനസ്സിലാക്കിയതുകൊണ്ടാണ്‌.

തൂക്കുമരത്തില്‍ കയറില്‍ തൂങ്ങിയാടുന്ന രൂപത്തിന് സ്വന്തം പ്രണയത്തിന്റെ മുഖമാണ് എന്ന തിരിച്ചറിവ് അവളുടെ കരുത്ത് ഇരട്ടിയാക്കി. അവസാനം ചാനലിന്റെ സ്റ്റുഡിയോയില്‍ കൃത്രിമമായി കെട്ടിയുണ്ടാക്കിയ തൂക്കുമരത്തില്‍ തന്നിലെ പെണ്ണിനെ വെറും ശരീരമായി മാത്രം കണ്ട സുന്ദരമായ കണ്ണുകളുള്ള ഒരു കാപട്യത്തെ കുരുക്കിട്ടു മുറുക്കുന്നത്തിനു എത്രയോ മുന്പ് അവള്‍ അവന്റെ പുരുഷത്വത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു “ഒരിക്കലെങ്കിലും എനിക്ക് നിന്നെയൊന്ന് അനുഭവിക്കണം “എന്ന്.

എനിക്ക് , ഒരിക്കലും ജീവിച്ചു കാണിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ പതറാതെ പിടിച്ചുനിന്ന ഒരു പെണ്ണിനോടുള്ള ആരാധനയാണോ കരുത്തിലും പ്രണയം കൊതിക്കുന്നൊരു മനസ്സോടെ ജീവിക്കുന്ന പാവം ചേതനയോടുള്ള അനുകമ്പയാണോ എന്തുതന്നെയായാലും ചേതന ഇന്നും ജീവിക്കുന്നു, എന്റെ മനസ്സില്‍.

എഴുതിയത്.അനുപമ ജി നായർ

എഴുതിയത്.അനുപമ ജി നായർ

Category: BOOK REVIEW

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.