എന്റെ അമ്മ

എത്രയോ നാളുകളായി കാണുന്നതാണ് അടുക്കള ജനലില്‍ നിവര്തിവച്ച പ്ലാസ്റിക് കവറില്‍ പന്ത്രണ്ടു മണിയാകുമ്പോള്‍ വിരിയുന്ന പൂവ് പോലെ ഒരു വറുത്ത മീന്‍ പ്രത്യക്ഷപ്പെടുന്നതും ഒരു മഞ്ഞ ചുണ്ടില്‍ കുരുങ്ങി അത് പറന്നു പോകുന്നതും.അമ്മയുടെ ഈ ചുട്ട മീനിനെ പറപ്പിക്കുന്ന കൂട്ടുകാരന്‍ ഒരു ഓലേഞ്ഞാലിക്കിളി ആയിരുന്നു. മീന്‍ വറുക്കുന്ന ദിവസങ്ങളില്‍ മാത്രം നേരം തെറ്റാതെയെത്തുന്ന ഒരു കുട്ടിക്കുറുമ്പന്‍. അതിന്റെ ഉണ്ടക്കണ്ണ് കാണുമ്പോള്‍ നിന്റെ അനിയന്‍ വന്നൂന്ന് കളിയാക്കുന്ന കൂട്ടുകാരെ നോക്കി അമ്മ പറയും. ഈ ലോകത്തില്‍ എന്തോരം കാഴ്ചകള്‍ ഒരുക്കി വച്ചിട്ടാ ദൈവം നിങ്ങളെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്. അതൊക്കെ കണ്ടു തീര്‍ക്കാന്‍ ഇമ്മിണി വല്യ കണ്ണൊക്കെ വേണ്ടേ അങ്ങനെ എല്ലാരും കളിയാക്കുന്ന ഉണ്ടക്കണ്ണ് എന്റെ സ്വകാര്യ അഹങ്കാരമായി.

മുറ്റത്തെ മണ്ണില്‍ നിന്നും മാന്തിയെടുത്ത കുഴിയാനകളെ ഭൂപടം വരയ്കാന്‍ പഠിപ്പിക്കുമ്പോള്‍ ഓടിയെത്തും അമ്മക്കിളി, മോളൂട്ടീ ഈ തുമ്പികളെ കാണാന്‍ എന്ത് രസാല്ലേ അതെല്ലോന്നു പറയുമ്പോഴേക്കും എത്തും അടുത്ത ചോദ്യം.നിന്റെ മക്കള്‍ക്കും കാണണ്ടേ തുമ്പികളെ.കഷ്ടപ്പെട്ടു കിട്ടിയ കുഴിയാനകള്‍ വീണ്ടും കുഴിയിലേക്ക്.ആ കുഴിയില്‍ കിടന്നു കുഴിയാനകള്‍ വിരിഞ്ഞു തുമ്പികള്‍ ആയെങ്കിലെ നാളെയുടെ കുഞ്ഞുങ്ങള്‍ക്ക് തുമ്പിയെ കാണാന്‍ കഴിയൂ എന്ന് എത്ര ഭംഗിയായാണ് എന്റെ അമ്മതുമ്പി പറഞ്ഞു തരുന്നത്.

ഓമനിച്ചുമ്മ വച്ച് വളര്‍ത്തിയ അണ്ണാന്‍ കുഞ്ഞിനെ കടിച്ചുകൊന്ന മീന്തല തിന്നാന്‍ വരുന്ന ചക്കിപ്പൂച്ചയെ “ഞാനിപ്പോ തല്ലിക്കൊല്ലും” എന്ന് കരയുന്ന അനിയനെ നമുക്കവളെ രണ്ടീസം പട്ടിണിക്കിടാം എന്ന് സമാധാനിപ്പിച്ച എന്റെ അമ്മപ്പൂച്ച തന്നെയാണ്, മീനും ചോറും കുഴച്ചു പൂച്ചയ്ക് മുന്നില്‍ വച്ച് “ന്റെ കുഞ്ഞിന്റെ കണ്ണില്‍ പെടാതെ കഴിച്ചിട്ട് പൊക്കോണം” എന്ന് ശാസിച്ചതും.മ്യാവൂ എന്ന് മാത്രം ഞാന്‍ കേട്ട പൂച്ചക്കരച്ചിലിനു ” സാരമില്ലെടീ എനിക്കറിയാല്ലോ നീ എലിയാനെന്നു വച്ച് കൊന്നതാണെന്ന് ” എന്ന് മറുപടി കൊടുക്കാന്‍ ഈ അമ്മ എപ്പോഴാണാവോ പൂച്ചഭാഷ പഠിച്ചത്.

മുറ്റത്തെ അരുളിചെടിയില്‍ നിറഞ്ഞ വരയന്‍ പുഴുക്കളെ ഈര്‍ക്കിലികൊണ്ട് കുത്തി താഴെയിട്ടു ചെരുപ്പ് തേയുവോളം അരച്ച് കൊന്നു അമ്മേടെ അരുളിചെടിയെ രക്ഷിച്ച് സായൂജ്യമടഞ്ഞു നില്‍ക്കുന്ന ഞങ്ങള്‍ക്ക്,കണ്ണില്‍ പെടാതെ പോയ ഒരു പുഴുവിനെ ക്കാട്ടി.ഇതിനെ കൊല്ലണ്ടാട്ടോ രണ്ടീസം കഴീമ്പോ ഒരൂട്ടം കാണിച്ചു തരാം എന്ന് പറഞ്ഞ അമ്മപ്പുഴുവിന്റെ ചിരിയുടെ രഹസ്യം മനസിലാക്കാന്‍ ആ രണ്ടീസം വേണ്ടി വന്നില്ല.രാവിലെ ഉണര്‍ന്നപ്പോള്‍ അരുളിചെടിയുടെ അടിയില്‍ ,അലമാരിയിലെ ഫോട്ടോയില്‍ കാണുന്ന ഉണ്ടക്കണ്ണിയുടെ കമ്മല്‍ പോലെ എന്തോ ഒന്ന്.അമ്മ ഇഷ്ടം മൂത്ത് അരുളിചെടിക്കും കമ്മലിട്ടോ എന്ന് ചിന്തിക്കുംപോഴേക്കും വന്നു ശാസന.തൊടണ്ടാട്ടോ അതിനകത്തൊരു വാവേണ്ട്. അത് വിരിഞ്ഞു പൂമ്പാറ്റ പുറത്തുവരുന്നത്‌ കാണാനുള്ള കാത്തിരുപ്പ് ആയി പിന്നെ.

ഉറങ്ങുമ്പോള്‍ എങ്ങാനും വിരിഞ്ഞു പോയാലോന്ന് പേടിച്ചു ഒരു പ്ലാസ്റിക് കവര്‍ കൊണ്ട് ഇലയോട് ചേര്‍ത്ത് പൂമ്പാറ്റഗര്‍ഭം മൂടിക്കെട്ടിയത് അനിയനായിരുന്നു. രാവിലെ ഉണര്‍ന്നപ്പോള്‍ കവറിനു ചുവട്ടില്‍ ഒരു കുഴിയും ശൂന്യമായ ഇലയും മാത്രം. ഇപ്പോളത്തെ പൂമ്പാറ്റൊല്ടെ ഒരു കാര്യം എന്താ മൂര്‍ച്ച കൊമ്പിനൊക്കെ എന്ന അമ്മയുടെ നിശ്വാസവും അച്ഛന്റെ കള്ളചിരിയും കൂടി ആയപ്പോള്‍ മനസിലായി കവറിലെ കുഴിയുടെ രഹസ്യം. കരയാന്‍ പോന്ന അനിയനെ ചേര്‍ത്ത് നിര്‍ത്തി മനുഷ്യന്മാര് തൊട്ടാല്‍ അതിന്റെ കുഞ്ഞിച്ചിറക് ഒടിഞ്ഞുപോകില്ലേ കുട്ടാ പിന്നെങ്ങന്യാ അതിനു പറക്കാന്‍ പറ്റ്വാന്നു അമ്മപ്പൂമ്പാറ്റ.

അമ്മേടെ പൂക്കളെ പ്രണയിക്കാന്‍ എവിടെനിന്നോ പറന്നുവന്ന പുള്ളിചിറകുള്ള മഞ്ഞപൂമ്പാറ്റയെ കാട്ടി, ദെ, അതാണ്‌ ന്റെ കുട്ടി നോക്കിയിരുന്ന പൂമ്പാറ്റ എന്ന് അമ്മ പറഞ്ഞപ്പോള്‍ എന്റെ അനീയന്റെ മുഖത്ത് ഞാന്‍ കണ്ട അതെ ഭാവമായിരുന്നു ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ഇപ്പുറം ആശുപത്രി ഇടനാഴിയില്‍ ഒരു ചോരക്കുടത്തിനെ കാട്ടി. ദെ നിന്റെ കുഞ്ഞാവ എന്ന് അമ്മ പറഞ്ഞപ്പോഴും അവന്റെ മുഖത്ത് വിരിഞ്ഞത്.

എന്റെ സന്തോഷങ്ങളെ ഒരു പുഞ്ചിരിയില്‍ ഇരട്ടിയാക്കാന്‍ എന്റെ സങ്കടങ്ങളെ ഏറ്റുവാങ്ങുന്ന കടലാകാന്‍ എനിക്കെന്റെ അമ്മ മാത്രം മതി.നിറയെ സങ്കടങ്ങളുമായി എന്റെ അമ്മമടിയിലേക്ക് ഇന്നലെ ഓടിയെത്തിയപ്പോഴാണ് കണ്ടത് ജനല്‍പ്പടിയില്‍ പന്ത്രണ്ടു മണിക്ക് ഒന്നിന് പകരം രണ്ടു പൂക്കള്‍.ഇതെന്താപ്പാ ഇങ്ങനെ എന്ന് ചിന്തിക്കുംപോഴേക്കും കിട്ടീ അമ്മപ്പുഞ്ചിരി.

ആ കിളി കല്യാണം കഴിച്ചു. ശരിയാണ് ഓലതുമ്പില്‍ സര്‍ക്കസ് കാരെപ്പോലെ തൂങ്ങിക്കിടന്നു ചരിഞ്ഞു നോക്കുന്ന ആ കുട്ടിക്കുറുമ്പന്‍റെ അരികില്‍ ഒരു മഞ്ഞവാലത്തി നാണക്കാരി.അവള്‍ അവളുടെ പങ്ക് എടുക്കാതെ എന്നെ നോക്കി മാറി നില്‍ക്കുന്നു. ഹ എടുക്ക് പെണ്ണെ അത് ഇവിടത്തെ കുട്ടിയാ എന്ന് പറയുമ്പോലെ അവന്‍ അവളെയൊന്നു നോക്കിയതെ ഉള്ളൂ പടിയിലെ രണ്ടാമത്തെ മീനും പറപറന്നു.ഇനി ഈ കിളിക്ക് ഒരു ഉണ്ടക്കണ്ണിമോളും മഞ്ഞവാലന്‍ മോനും ഉണ്ടായാല്‍ ചട്ടീല്‍ പിന്നേം മീന്‍ കുറയുമല്ലോ എന്ന എന്റെ പരിഭവത്തെ അത് സാരമില്ലാടി അപ്പോള്‍ നമുക്ക് കുറച്ചു കൂടുതല്‍ മീന്‍ വറുക്കാം എന്ന് പരിഹരിക്കാന്‍ എന്റെ അമ്മക്കിളിക്കല്ലാതെ ആര്‍ക്കാ കഴിയുക.കിളികളും പൂക്കളും മീനുകളും എല്ലാം ഇപ്പോഴും എന്റെ കൂടെയുണ്ട്.അമ്മയെ എന്നും കാണാന്‍ പറ്റുന്നില്ലാ എന്ന സങ്കടവും.ഇന്ന് കൂടെക്കൊണ്ടു പോകാന്‍ വിളിക്കുന്ന അപ്പൂപ്പനോടു “എനിക്ക് അമ്മേന്റെ മണം കേള്‍ക്കാതെ ഉറക്കം വരില്ല അതോണ്ടാട്ടോ വരാത്തെ ” എന്ന് പറയുന്ന എന്റെ മോനെ കാണുമ്പോള്‍ നിറയുന്ന എന്റെ കണ്ണീരും എന്റെ അമ്മമിഴിയില്‍ ഞാന്‍ പണ്ടേ കണ്ടിട്ടുള്ളതാണ്.

ഈ അമ്മ വളര്‍ത്തിയത്‌ കൊണ്ട് മാത്രമാണു എനിക്കിങ്ങനെ ഇളംവെയിലില്‍ പോലും വാടിപ്പോകുന്ന സ്വഭാവവും ഇളം കാറ്റില്‍ പോലും പറന്നു പോകുന്ന അപ്പുപ്പന്‍ താടി പോലെയുള്ള ഒരു മനസ്സും കിട്ടിയത് എന്നോര്‍ക്കുമ്പോള്‍ മാത്രം എനിക്കെന്റെ അമ്മയോട് ദേഷ്യം തോന്നിപ്പോകുന്നു.അതെ ഉണ്ടായിരുന്നുള്ളൂ എനിക്കമ്മയോട് പറയാനുള്ള പരാതിയും. ഒരല്‍പം കൂടി മനക്കട്ടി ഉള്ളവളായി വളര്‍ത്തിയെടുക്കാമായിരുന്നില്ലേ എന്നെ.

അനുപമ ജി നായർ

Category: READERS' CORNER

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.