അബോര്‍ഷന്‍

അനേകായിരം പ്രകാശവര്‍ഷങ്ങള്‍ ദൂരെ! കോടിക്കണക്കിനു നക്ഷത്ര ഗണങ്ങള്‍താണ്ടി ,ദൈവത്തിന്‍റെ പറുദീസയായ സ്വര്‍ഗരാജ്യം. അവിടെ പുനര്‍ജ്ജന്മം കാത്തുകിടക്കുന്ന കോടിക്കണക്കിനാത്മാക്കള്‍. ആ ആത്മാക്കള്‍ക്കെല്ലാം ഭൂമിയിലെ പല ജീവികളുടെ ആദിരൂപം. ഒരല്പം മാറിയുള്ള ആരാമത്തില്‍ അപ്പൂപ്പന്‍താടിപോലെ പാറിപറക്കുന്ന മനുഷ്യ കുഞ്ഞുങ്ങള്‍.

ഭൂമിയില്‍ തങ്ങള്‍ ജനിക്കേണ്ട സമയം കാത്തുകിടക്കുന്ന മാലാഖയുടെ രൂപമുള്ള കുഞ്ഞുങ്ങള്‍. പാറിപറന്നു നടക്കുന്ന കുഞ്ഞുങ്ങളില്‍ ഒരാളെ ദൈവ ദൂതന്‍ അരികില്‍ വിളിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതിയില്‍ നിന്ന് അദ്ദേഹം കോടിക്കണക്കിനു ഗ്രഹങ്ങളില്‍ ഒരു കടുകോളം വലിപ്പമുള്ള ഭൂമിയെ ചൂണ്ടി ആ കുഞ്ഞിനോട് സംസാരിക്കാന്‍ തുടങ്ങി.

” കുഞ്ഞേ ആ കാണുന്ന ഭൂമിയില്‍ നീ ഒരു മനുഷ്യനായി പിറക്കാന്‍ സമയമായി. അവിടെ നിനക്കൊരു അച്ഛനും അമ്മയുമുണ്ടാകും. നിന്‍റെ പിറവിയില്‍ ഏറ്റവും വേദന അനുഭവിക്കുന്നത് നിന്റെ അമ്മയായിരിക്കും. അതിസൂക്ഷ്മമായ ഒരു അണുവായ നിന്നെ നിന്റെയമ്മ ഗര്‍ഭം പേറും. ” പിന്നെ അമ്മയെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ തുടങ്ങി, അതുകേട്ട കുട്ടിക്ക് ജനിക്കുവാനുള്ള ധ്രിതി കൂടി. തന്നെ പിറവിക്കു കാരണമാകുന്ന ആ അമ്മയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന തുടങ്ങി….

ഇതേ സമയം ഭൂമിയിലെ ഒരു മനോഹര മുഹൂര്‍ത്തത്തില്‍ രാഹുലും , സന്ധ്യയും വിവാഹിതരാകുന്നു. എല്ലാ പൊരുത്തങ്ങളും ഒത്തു ചേര്‍ന്ന രണ്ടുപേര്‍. ഐ. ടി മേഖലയില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഇവര്‍ രണ്ടും ചേര്‍ന്നപ്പോള്‍ ആ കാഴ്ചകാണാന്‍ താജ്മഹാളിനെക്കാള്‍ ഭംഗി.!.

ഉദ്യോഗസംബന്ധമായ തിരക്കുകള്‍ ഒഴിവാക്കി പുതുജീവിതം ആസ്വദിക്കാന്‍ തുടങ്ങി. പ്രണയാതുരമായ നിമിഷങ്ങള്‍ അവരുടെ ജീവിതത്തില്‍ കളിയാടി.

ദിവസങ്ങള്‍ നീങ്ങി. വീണ്ടും അവര്‍ രണ്ടും തിരക്കുള്ള ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നു. തങ്ങളുടെ കരിയറില്‍ ഇനിയുമൊരുപാട് ഉയരങ്ങള്‍ താണ്ടാനുണ്ട്. സ്വന്തമായി ഒരു ഐ.ടി കമ്പനി, ഇതാണവരുടെ സ്വപ്നം. അതിനു ശേഷം കുട്ടികള്‍ മതിയെന്നവര്‍ തീരുമാനിച്ചു.

എന്നാല്‍ അവരുടെ തീരുമാനങ്ങല്‍ക്കപ്പുറം ഈശ്വര നിശ്ചയപ്രകാരം സന്ധ്യയുടെ വയറ്റില്‍ ഒരു ജീവന്‍ വളര്‍ന്നുതുടങ്ങി. നശിച്ചുപോകേണ്ട കോടിക്കണക്കിനു സൂക്ഷ്മാണുവിലോന്നില്‍ ദൈവീക ചൈതന്യംപേറി ജീവന്റെ തുടിപ്പുമായി സന്ധ്യയെന്ന സ്ത്രീക്ക് പൂര്‍ണ്ണതയേകാന്‍ നിമിത്തമായ ഒരു പുതുജന്മം.

ആഴ്ചകള്‍ കഴിയുമ്പോള്‍ ആ കുഞ്ഞു പതുക്കെ വളര്‍ന്നു. തന്‍റെ ശാരീരിക പ്രക്രിയയുകളുടെ വ്യത്യാസം സന്ധ്യയെ അലട്ടി. ഒടുവില്‍ താന്‍ ഗര്‍ഭിണിയാണെന്ന സത്യം തിരിച്ചറിഞ്ഞ അവള്‍ ആകെ തകര്‍ന്നു. വിവരമറിഞ്ഞ രാഹുലും പതറി. ഭൂമിയില്‍ ഇനിയും വെട്ടിപിടിക്കേണ്ട സൗഭാഗ്യങ്ങള്‍ക്ക് ഇപ്പോള്‍ ഈ കുഞ്ഞൊരു തടസ്സമാകും. ഇതിനെ നശിപ്പിക്കണം.

ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ അവള്‍ക്കൊരു കാവലായി ആ കുഞ്ഞിന്‍റെയാത്മാവ് ഒരു പ്രാര്‍ത്ഥനയുമായി കൂടെകാണും. ദൈവദൂതന്‍ വിവരിച്ചപ്രകാരം തന്‍റെ പിറവിയില്‍ അമ്മയ്ക്കും,അച്ഛനുമുണ്ടാകുന്ന സന്തോഷങ്ങള്‍ അതിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. തന്നെ നശിപ്പിക്കാന്‍ പോകുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ ആ കുഞ്ഞാത്മാവ് തേങ്ങി. കടുകുമണിയോളം വലിപ്പമുള്ള ആ പിഞ്ചുഹൃദയം ശക്തമായിമിടിക്കാന്‍ തുടങ്ങി. ജീവന്‍ വെച്ചു തുടങ്ങും മുന്നേ താന്‍ മരണത്തിലേക്ക്! ആ വേദന താങ്ങാനുള്ള ശക്തിയെനിക്കില്ലെന്ന സത്യം ഇവരെ എങ്ങനെ ബോധിപ്പിക്കാന്‍. പിടിച്ചടക്കേണ്ട സൗഭാഗ്യങ്ങളില്‍ മാത്രം സ്വപ്നംകണ്ട്കഴിയുന്ന പുതുതലമുറയുടെ പ്രതീകങ്ങളായ ദമ്പതികള്‍. തന്നെ ഭൂമിയിലെക്കുവിട്ട ഈശ്വരനോട് കുഞ്ഞു മനസ്സുരുകി പ്രാര്‍ഥിച്ചു.

കുടുംബത്തില്‍ മുതിര്‍ന്നവര്‍ അറിഞ്ഞാല്‍ ഈ അബോര്‍ഷന്‍ നടക്കില്ല. അവരറിയാതെ ഇതൊഴിവാക്കാനുള്ള തടസ്സങ്ങള്‍ ആ കുട്ടിയെ വീണ്ടും വളര്‍ത്തി. ഗര്‍ഭത്തിലുള്ള ജീവന് പതുക്കെ അവയവങ്ങള്‍ വളരാന്‍ തുടങ്ങി. ഇപ്പോള്‍ ഏകദേശം ഒരു കുഞ്ഞിന്റെ രൂപത്തില്‍ എത്തിച്ചേരുന്നു. തന്‍റെവളര്‍ച്ചയില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന വേദന അദൃശ്യ ആത്മാവിനെ വേദനിപ്പിച്ചു.

മാസം മൂന്നിനോടടുക്കുന്നു. ഇനിയും താമസിച്ചാല്‍ ശരിയാവില്ല. നാളെത്തന്നെ ഇതോഴിവാക്കണം. രാഹുലും, സന്ധ്യയും ശക്തമായി തീരുമാനിച്ചു.

ഇനി തന്‍റെ ആയുസ്സിനു ഒരു ദിവസം മാത്രം. കുഞാത്മാവ് തന്‍റെ അമ്മയെ സൂക്ഷിച്ചു നോക്കി. ” എന്റെ പൊന്നമ്മയുടെ കുഞ്ഞായി ജനിക്കാന്‍ കൊതിച്ചിരുന്നു, അമ്മയുടെ ചൂടറിയാന്‍ ഞാന്‍ കൊതിച്ചു, അമ്മയുടെ വാത്സല്യവും, സ്നേഹവും മതിയാവോളം ആസ്വദിക്കാന്‍ ഞാന്‍ കൊതിച്ചു.” എന്നാല്‍ ഞാന്‍ നാളെ മരിക്കും. എന്‍റെ മരണം അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കുന്നു. എന്നെ വേര്‍പെടുത്തുന്നതിലൂടെ എനിക്ക് മൂന്നുമാസം അഭയം തന്ന നേറെ അമ്മയ്ക്ക് ഒരു ആപത്തും വരുത്തല്ലെയെന്നു ആ കുഞ്ഞു ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു.

പിറ്റേന്ന് രാവിലെ രാഹുലും, സന്ധ്യയും ആശുപത്രിയിലെത്തി മുന്‍നിശ്ച്ചയപ്രകാരം അബോര്‍ഷന് തയ്യാറായി. ഈശ്വരന്‍ തനിക്കു നല്‍കിയ ആ അമൂല്യ നിധിയുടെ വില മനസ്സിലാക്കാതെ , ഈശ്വരനെ തന്നെ വെല്ലുവിളിച്ചു ഒരു കൊലപാതകം.

ഭൂമിയില്‍ പിറക്കാന്‍ കൊതിച്ച ഒരു ചൈതന്യം കഠിന വേദനയും പേറി അരകിലോ മാംസപിണ്ടാമായി ചിന്നിച്ചിതറി ആശുപത്രിയുടെ അഴുക്കുചാലിലൂടെ ഒഴുകിപോയി. മനസാക്ഷിയില്ലാത്ത മനുഷ്യനുമുന്നില്‍ തോറ്റ ദൈവം ആ കുഞ്ഞാത്മാവിനെയും പേറി സ്വര്‍ഗത്തിലേക്ക് മടങ്ങി.

സ്വപ്‌നങ്ങള്‍ കരിഞ്ഞു കഠിനവേദന സഹിച്ച കുഞ്ഞിന്റെയാത്മാവ്, ആ പറുദീസയുടെ ഓരോരത്തു തന്‍റെ അടുത്ത ജനത്തിനായി കാത്തിരുന്നു.

ഇങ്ങു ഭൂമിയില്‍ രാഹുലും സന്ധ്യയും ബിസിനസ് സാമ്രാജ്യങ്ങള്‍ മുഴുവന്‍ വെട്ടിപ്പിടിച്ചു. വമ്പന്‍ ആഘോഷത്തോടെ അവരുടെ പത്താം വിവാഹ വാര്‍ഷികമാഘോഷിക്കുമ്പോള്‍ സന്ധ്യ ഒരു കഠിന ദു:ഖം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടായിരിന്നു. അബോര്‍ഷന് ശേഷം അവള്‍ക്കൊരമ്മയാകാന്‍ കഴിഞ്ഞിട്ടില്ല. സന്ധ്യ പലപ്പോഴും താന്‍ നശിപ്പിച്ച ആ കുഞ്ഞിനെയോര്‍ത്ത് കരഞ്ഞു. കോടികള്‍ വാരിക്കൂട്ടിയിട്ടും തന്‍റെ ജീവിതത്തിനു എന്തര്‍ത്ഥം? ഒരമ്മയെന്ന പദവിയുടെ വില , ഒരു കുഞ്ഞിനെ കൊഞ്ചിക്കാന്‍ ,വളര്‍ത്താന്‍ കഴിയാത്ത തന്‍റെ ജീവിതത്തിനു എന്ത് വില! അവള്‍ നിശബ്ദതയെ ഇഷ്ടപ്പെട്ടു , ജോലിയും മറ്റും ഒഴിവാക്കി പതുക്കെയവള്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി.

ഈശ്വര ചൈതന്യമുള്ള ആ കുഞ്ഞു സന്ധ്യയുടെ ദു:ഖം കാണുന്നുണ്ടായിരുന്നു.

പുതിയ ജനനത്തിനു ഊഴമെത്തിയ ആ കുഞ്ഞാത്മാവ് ഈശ്വരനോടോരപേക്ഷ വെച്ചു. ” ഒരിക്കല്‍ തന്നെ ഗര്‍ഭംപേറിയിട്ട് ഉപേക്ഷിച്ച ആ അമ്മ ഇന്ന് എന്നെയോര്‍ത്ത് ഒരുപാട് ദു:ഖിക്കുന്നു , എനിക്കാ അമ്മയുടെ ദു;ഖം മാറ്റണം, അതിനായി ആ അമ്മയുടെ വയറ്റില്‍ തന്നെ എനിക്ക് ജനിക്കണം” !!

സന്ധ്യ ഗര്‍ഭിണിയായി…. ഒരിക്കല്‍ താന്‍ കൊന്നുകളഞ്ഞ ആ ചൈതന്യം താനറിയാതെ തനിക്കു ഭൂമിയിലെ ഏറ്റവും വലിയ സന്തോഷവുമായിയെത്തിരിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ ഭൂമിയിലെത്തിയപ്പോള്‍ താന്‍ കൊതിച്ച സന്തോഷങ്ങള്‍ പലരിലും പ്രകടമാകുന്നു….

ഭൂമിയില്‍ പിറക്കും മുന്നേ കൊഴിയുന്ന ഓരോ ജീവനും വിലപ്പെട്ടത്‌ തന്നെ, ഓരോ അബോര്‍ഷനും ഓരോ കൊലപാതകം.

ഫിറോസ്‌ കൊല്ലം

Category: READERS' CORNER

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.