പാക്കിസ്ഥാന് വന്‍ തിരിച്ചടിയായി അമേരിക്കയുടെ അപ്രതീക്ഷിത നീക്കം

വാഷിങ്ടണ്‍: പാക്കിസ്ഥാന് വന്‍ തിരിച്ചടിയായി അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. പാക്കിസ്ഥാനുള്ള 25 കോടി ഡോളറിന്റെ സഹായം റദ്ദാക്കിയെന്നു പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ പാക്കിസ്ഥാന് 3000 കോടിയിലധികം രൂപ ധനസഹായം നല്‍കിയത് അമേരിക്ക കാണിച്ച മണ്ടത്തരമാണെന്നാണ് ട്രംപ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞത്.

അഫ്ഗാനിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ പാക്കിസ്ഥാന്‍ ഒപ്പം നില്‍ക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് ട്രംപ് കടുത്ത തീരുമാനത്തിലെത്തിയത്.
ട്രംപിന്റെ ട്വീറ്റ് ഇങ്ങനെ: പതിനഞ്ചു വര്‍ഷത്തിനിടെ 3,000 കോടി നല്‍കി. നുണയും ചതിയും മാത്രമാണ് തിരിച്ചു നല്‍കിയത്. അമേരിക്കയിലെ ഭരണാധികാരികള്‍ മണ്ടന്മാരാണെന്നു വിചാരിക്കരുത്. അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് അവര്‍ പറുദീസയൊരുക്കി, ഇനിയൊന്നും ചെയ്യാനില്ല, എല്ലാം അവസാനിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാനെ ഭീകരര്‍ക്ക് അഭയകേന്ദ്രമാക്കരുതെന്ന് അമേരിക്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനെയും താലിബാനെയും ഹക്വാനി ഭീകരവാദ പ്രവര്‍ത്തനങ്ങളെയും തുരത്താന്‍ നടപടിയെടുത്തില്ലെങ്കില്‍ ആ ദൗത്യം അമേരിക്ക പൂര്‍ത്തിയാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ട്രില്ലര്‍സണ്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
ഭീകരവാദവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ നിലപാടുകള്‍ക്കെതിരെ ഏതുതരം നിലപാടെടുക്കണെന്ന് തീരുമാനിക്കാന്‍ കഴിഞ്ഞ മാസം ആദ്യം ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.

ഈ യോഗത്തിനു ശേഷമാണ് ട്രംപ് പാക്കിസ്ഥാനെ തുറന്ന് വിമര്‍ശിച്ചതും താക്കീത് നല്‍കിയതും. ദേശീയ സുരക്ഷാ നയം പ്രഖ്യാപിച്ചപ്പോഴും ട്രംപ് പാക്കിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി അടുത്ത സഹകരണമാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞിരുന്നു.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.