വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

ഹരിപ്പാട്: ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത് ഖബറടക്കിയ വീട്ടമ്മയുടെ മൃതദേഹം പോലീസ്, റവന്യു ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പല്ലന കുറ്റിക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

പല്ലന പുത്തന്‍പൊറുതിയില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷക്കീല(33)യുടെ മൃതദേഹമാണ് ആലപ്പുഴ എഡിഎം അബ്ദുള്‍ സലിം, ചെങ്ങന്നൂര്‍ ആര്‍ഡിഒ ഹരികുമാര്‍, കായംകുളം ഡിവൈഎസ്പി ബിനു, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും എത്തിയ പോലീസ് സര്‍ജ്ജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ 10മണിയോടുകൂടി ഖബര്‍ തുറന്ന് പുറത്തെടുത്ത് അവിടെ വച്ചുതന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

മഫ്തിയില്‍ എത്തിയ പോലീസ് സംഘവും പള്ളിയുമായി ബന്ധപ്പെട്ട ഏതാനും ഭാരവാഹികളും റവന്യു ഉദ്യോഗസ്ഥരും മാത്രമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് ഉണ്ടായിരുന്നത്. എന്നാല്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പരിസരപ്രദേശങ്ങളിലെ റോഡുകളും വീടുകളും വന്‍ പോലീസ് സന്നാഹത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സ്ഥലത്തേക്ക് ആരെയും കടത്തിവിട്ടില്ല.

പന്ത്രണ്ടര മണിയോടുകൂടിയാണ് നടപടികള്‍ അവസാനിച്ചത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടുകൂടി കുടുംബവീട്ടിലാണ് ഷക്കീല തൂങ്ങിമരിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മോര്‍ച്ചറിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ഇത് നിരസിച്ചതിനെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും പോലീസും വീട്ടിലെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം ഖബറടക്കുകയുമായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥലത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെപ്പറ്റിയുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ജില്ലാ പോലീസ് മേധാവി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെപ്പറ്റി മൂന്ന് പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും മഹല്ല് കമ്മറ്റി വഴങ്ങിയില്ല. ചൊവ്വാഴ്ച വൈകിട്ട് ഹരിപ്പാട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ വെച്ച് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഹമീദ് കോയ ബാഫഖി തങ്ങള്‍ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ട് അവസാനഘട്ട ചര്‍ച്ച നടന്നു.

ചര്‍ച്ചയില്‍ പോലീസും റവന്യു അധികൃതരും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നുള്ള അന്ത്യശാസനം നല്‍കി. ഇല്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഭാരവാഹികളെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ വീണ്ടും മഹല്ല് കമ്മറ്റി കൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാമെന്നുള്ള തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചത്.

കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ പാടില്ലെന്നും മഫ്തിയില്‍ മാത്രമെ പോലീസ് എത്താന്‍ പാടുള്ളു എന്നും മഹല്ല് കമ്മറ്റി നിര്‍ദ്ദേശം വച്ചു. ഇത് പോലീസ് അംഗീകരിച്ചു. രാവിലെ 7.30 മുതല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.

Category: ALAPPUZHA, CRIME, KERALA

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.