ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാരുടെ വിവാദ പത്രസമ്മേളനം

ന്യൂഡല്‍ഹി:അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ചു.

ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് സുപ്രീം കോടതി ഭരണസംവിധാനത്തിനെതിരെ തുറന്നടിച്ചത്.

സുപ്രീം കോടതിയിലെ ഭരണസംവിധാനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി ജസ്റ്റിസ് ചെലമേശ്വര്‍ ആരോപിച്ചു. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരും. അനിഷ്ടകരമായ സംഭവങ്ങളാണ് നടക്കുന്നത്. ചീഫ് ജസ്റ്റിസിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. ഇന്നും ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് മാധ്യമങ്ങളെ നേരിട്ട് കാണുകയെന്ന അസാധാരണ നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് രാജ്യമാണെന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി.

ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് തുറന്നടിച്ച ജസ്റ്റിസ് ചെലമേശ്വര്‍ ഏതെല്ലാം കേസുകളിലാണ് അട്ടിമറി നടന്നതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല. എന്നാല്‍ ജസ്റ്റിസ് ബി.എച്ച് ലോയ കേസ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോയ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ അഴിമതി നടന്നതായാണ് സൂചന.

ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അസാധാരണ നടപടികള്‍ക്ക് കോടതി വേദിയായത്. സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുംബൈ പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഇന്ന് വാദം നടക്കേണ്ടിയിരുന്നത്.

Category: Breaking News

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.