മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന സംവിധാനം 10 വര്‍ഷത്തിനുള്ളിലെന്ന് വെളിപ്പെടുത്തല്‍

ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന സംവിധാനം 10 വര്‍ഷത്തിനുള്ളില്‍ തയ്യാറാകുമെന്ന് വിദഗ്ധരുടെ വെളിപ്പെടുത്തല്‍. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായി മൂന്ന് കമ്പനികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇത്തരത്തില്‍ 160 മൃതദേഹങ്ങളാണ് നിലവില്‍ ജീവന്‍ കാത്ത് കിടക്കുന്നതെന്ന് മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍ ഡെന്നിസ് കൊവാല്‍സ്‌കി എന്ന വിദഗ്ധന്‍ വിശദീകരിക്കുന്നു.

എന്നെങ്കിലും മൃതദേഹങ്ങള്‍ക്ക് ജീവന്‍ പകരാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഇതിനായി സ്‌റ്റെം സെല്ലുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണം മുന്നോട്ട് പോകുകയാണ്. അതുകൊണ്ടു തന്നെ 10 വര്‍ഷത്തിനുള്ളില്‍ വിജയം ഉറപ്പാണ്.

ക്രയോനിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രം 2000 പേരാണ് മരണശേഷം മൃതദേഹം പുനര്‍ജീവിപ്പിക്കാനായി പണമടച്ചിരിക്കുന്നത്. ക്രയോജനിക്‌സ്, ക്രയോനിക്‌സ്, ക്രയോപ്രിസര്‍വേഷന്‍ എന്നും അറിയപ്പെടുന്ന ഈ സാങ്കേതിക വിസ്മയം ഏറെ സൂക്ഷമായാണ് നടപ്പിലാക്കേണ്ടതെന്നും വിദഗ്ധന്‍ അഭിപ്രായപ്പെട്ടു.

ദ്രവ നൈട്രജന്‍ അടങ്ങിയ പ്രത്യേകതരം ടാങ്കുകളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മൈനസ് 196 ഡിഗ്രി സെല്‍ഷ്യസിലാണ് മൃതദേഹം സൂക്ഷിക്കുക.ഹൃദയം നിലച്ച് രണ്ടുമിനിറ്റിനകം നടപടിക്രമീകരണങ്ങള്‍ തുടങ്ങണം.15 മിനിറ്റ് ആകുമ്പോഴേക്കും ആദ്യഘട്ടം പൂര്‍ത്തിയാക്കണം. ഐസ് നിറച്ച ബാഗുകളിലേക്ക് മൃതദേഹം മാറ്റുകയാണ് ആദ്യ ഘട്ടം. പിന്നീട് രക്തം കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ കുത്തിവച്ച് ശരീരത്തിലെ രക്തം ഊറ്റിക്കളയും. പിന്നീട് ആന്തരികാവയവങ്ങള്‍ക്ക് കേടുവരാതിരിക്കാന്‍ പ്രത്യേക തരം രാസവസ്തു ശരീരത്തിലൂടെ കയറ്റിവിടും. ഇതൊടൊപ്പം ഐസ് പരലുകള്‍ രൂപപ്പെടാതിരിക്കാനുള്ള ദ്രാവകവും നിറയ്ക്കും. പിന്നീട് മൈനസ് 130 ഡിഗ്രി സെല്‍ഷ്യസില്‍ ശീതികരിക്കും. ഇത് ദ്രവനൈട്രജന്‍ നിറച്ച, കൊടുംതണുപ്പുള്ള പ്രത്യേക ടാങ്കിലേക്ക് മാറ്റും.

റഷ്യയിലും, പോര്‍ച്ചുഗല്‍, യുറോപ്പ് എന്നിവിടങ്ങളിലും ഇതിനുള്ള സംവിധാനമുണ്ട്. രണ്ടുലക്ഷം ഡോളര്‍ ഏകദേശം 1.3 കോടി രൂപയാണ് ഇതിന് ചിലവ്. ഈ സംവിധാനത്തെ ഒട്ടേറെ പേര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും പ്രതീക്ഷയോടെയാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്.

Category: SPECIAL REPORT

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.