ചൈന മിസൈല്‍വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

ബെയ്ജിങ്: പുതിയ മിസൈല്‍വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചതായി ചൈന. അതേസമയം പ്രതിരോധമേഖലയ്ക്ക് ശക്തിപകരനാണെന്നും ഇതിനാല്‍ ലോക രാജ്യങ്ങള്‍ക്ക് ഭീഷിണിയില്ലെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരീക്ഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചൈന വെളിപ്പെടുത്തിയിട്ടില്ല.

ചൈനീസ് സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഉള്‍പ്പെടെയുള്ളവയ്ക്കു വന്‍ പ്രധാന്യമാണു പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണകുടം ലക്ഷ്യമാക്കുന്നത്. ബഹിരാകാശത്തു സ്ഥിതി ചെയ്യുന്ന ഉപഗ്രഹങ്ങളെ വരെ തകര്‍ക്കാന്‍ കഴിവുള്ള മിസൈലുകളും ആണവ ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ് ചൈന നിലവില്‍.

അതേസമയം, ദക്ഷിണ കൊറിയയില്‍ താഡ് (ടെര്‍മിനല്‍ ഹൈ ഓള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫെന്‍സ് ടിഎച്ച്എഎഡി) മിസൈല്‍വേധ സംവിധാനം യുഎസ് സ്ഥാപിച്ചതിനെതിരെ ചൈനയും റഷ്യയും നിരന്തരമായി എതിര്‍ത്തു വരികയാണെങ്കിലും ഇത്തരം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍നിന്നു ചൈന പിന്നോട്ടില്ലെന്ന സൂചനയാണു പുതിയ പരീക്ഷണം നല്‍കുന്നത്. റഷ്യയും ഇത്തരം മിസൈല്‍വേധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. അതിശക്തമായ റഡാര്‍ സംവിധാനമുള്ള താഡിനു തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളെ നിരീക്ഷിക്കാന്‍ കഴിയുമെന്ന ആശങ്കയാണ് ചൈനയുടെ എതിര്‍പ്പിനു പിന്നില്‍.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.