അങ്കമാലിയില്‍ കൂട്ടക്കൊലപാതകം

മൂക്കനൂര്‍: അങ്കമാലി മൂക്കനൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയില്‍. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരാണ് കൊലപ്പെട്ടത്. ശിവന്‍റെ സഹോദരൻ ബാബുവാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട ഇയാളെ തൃശൂർ കൊരാട്ടിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിലായത്. അങ്കമാലി പൊലീസ് എത്തിയാൽ പ്രതിയെ കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെ ശിവന്റെ വീട്ടിലെത്തിയ സഹോദരന്‍ മൂന്നുപേരെയും ആക്രമിച്ചു.

ശിവന്റെ അഞ്ച് സഹോദരങ്ങള്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ശിവനും ബാബുവും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സഹോദരന്റെ കുടുംബത്തെ അക്രമിച്ചശേഷം സ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ട ബാബുവിനുവേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാന്‍ പോകുന്നുവെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാള്‍ ബൈക്കില്‍ രക്ഷപെട്ടത്.

Category: CRIME, KERALA, THRISSUR

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.