ഷൂസ് നക്കിക്കാന്‍ ശ്രമം; യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: ആള്‍ക്കാര്‍ക്ക് മുമ്പില്‍ ക്രൂര മര്‍ദ്ദനത്തിന് ശേഷം ഷൂസ് നക്കിക്കാന്‍ അക്രമികള്‍ ശ്രമിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു യുവാവിനെ ആക്രമിച്ചത്. ദക്ഷിണ മുംബൈ സ്വദേശിയും മുപ്പത്തഞ്ചുകാരനുമായ കാസിം ഷെയ്ഖാണ് ആത്മഹത്യ ചെയ്തത്.

കഫെ പരേഡിലെ മാര്‍ക്കറ്റിന് സമീപത്ത് നിന്നാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. പ്രതികളായ ഇസ്മ‍ായിൽ ഷെയ്ഖ്, അക്ബർ ഷെയ്ഖ്, കരിയ പവ്സെ, അഫ്സൽ ഖുറേഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മര്‍ദ്ദനവും പൊതുജനമധ്യത്തിലുണ്ടായ അപമാനവും താങ്ങാനാവാതെയാണ് ആത്മഹത്യയെന്ന കാസിമിന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

വാക്കേറ്റത്തെ തുടര്‍ന്ന് കാസിമിനെ ഇവര്‍ പൊതുജനമധ്യത്തില്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ഇവരിലൊരാൾ സ്വന്തം ഷൂസിൽ തുപ്പിയ ശേഷം നക്കാൻ കാസിമിനോട് ആവശ്യപ്പെട്ടു. കുതറിയോടിയ കാസിം വീട്ടിൽ പോയി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Category: CRIME

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.