ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ:ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുണ്ടായ വര്‍ഗ്ഗീയകലാപങ്ങളെ നേരിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ശ്രീലങ്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഘര്‍ഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകര്‍ന്നിരുന്നു. സംഘാര്‍ഷവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് സൂചന.

ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാന്‍ഡിയാണ് വര്‍ഗ്ഗീയ കലാപത്തിന്‍റെ പ്രധാന കേന്ദ്രം. തിങ്കളാഴ്ച്ച തന്നെ ഈ മേഖലയില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഒരു സിംഹള യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തോടെയാണ് കലാപത്തിന് തുടക്കമായതെന്ന് ഒരു ശ്രീലങ്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഞായറാഴ്ച്ച രാത്രിയോടെ ഒരു കട ആള്‍ക്കൂട്ടം തീയിട്ട് നശിപ്പിച്ചു.

ഭൂരിപക്ഷമായ സിംഹളബുദ്ധിസ്റ്റുകളും ന്യൂനപക്ഷമായ മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷം വീണ്ടുമൊരു കൂട്ടക്കുരിതിയലേക്ക് ലങ്കയെ എത്തിക്കുമോ എന്ന ആശങ്കയിലാണ് ലോകം. ശ്രീലങ്കയിലെ 2.10 കോടി വരുന്ന ജനസംഖ്യയില്‍ 70 ശതമാനവും ബുദ്ധമതവിശ്വാസികളാണ്.ഭൂരിപക്ഷവും ഹിന്ദുകളായ തമിഴ് വംശജ്ഞര്‍ 13 ശതമാനം വരും. ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലീങ്ങളും, 7.4 ക്രിസ്ത്യാനികളുമാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന അഭ്യന്തരകലാപത്തിലൂടെ തകര്‍ന്ന തരിപ്പണമായ ശ്രീലങ്ക 2009– ല്‍ എല്‍ടിടിയുടെ പതനത്തോടെയാണ് സമാധാനത്തിലേക്ക് തിരിച്ചു വന്നത്.

ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരന്പരയില്‍ പങ്കെടുക്കാനായി ഇന്ത്യയുടേയും ബംഗ്ലാദേശിന്‍റേയും ക്രിക്കറ്റ് ടീമുകള്‍ ഇപ്പോള്‍ ലങ്കയിലുണ്ട്. കൊളംബോയില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്ന് ഏറ്റുമുട്ടുന്നുമുണ്ട്.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.