ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം; മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് പബ്ലിക് സെര്‍വന്‍റ് മാത്രമാണെന്നും പബ്ലിക് മാസ്റ്ററല്ലെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഹൈക്കോടതി പറഞ്ഞു.തനിക്കും കുടുംബത്തിനും സുരക്ഷഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കോടതി ഇടപെട്ട് സുരക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി രൂക്ഷപരാമര്‍ശം നടത്തിയത്.

താനും കുടുംബവും ഭീഷണി നേരിടുന്നുണ്ടെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്. തനിക്ക് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ഉറപ്പില്ലെന്നും അതിനാല്‍ പരാതി എത്രയും വേഗം പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു.

തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതിയില്‍ നിന്നും തനിക്കെതിരെ പരാമര്‍ശങ്ങളുണ്ടായത്. കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണ്. ഈ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ല.

അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കുള്ള സംരക്ഷണം നല്‍കണം. അല്ലെങ്കില്‍ സര്‍വീസില്‍ തുടരാനാവില്ലെന്നും ജേക്കബ് തോമസ് നല്‍കിയ ഉപഹര്‍ജിയില്‍ പറയുന്നു. വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടത്.

എന്നാല്‍ പബ്ലിക് സെര്‍വന്‍റെ എന്ന നിലയിലുള്ള തന്‍റെ ഡ്യൂട്ടി മാത്രമാണ് ജേക്കബ് തോമസ് ചെയ്തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് ഡയറക്ടറായിരിക്കേ പ്രമുഖര്‍ക്കെതിരെ 28 കേസുകള്‍ താന്‍ എടുത്തിരുന്നുവെന്നും അതിനാലാണ് താന്‍ ഭീഷണി നേരിടുന്നതെന്നും ഹര്‍ജിയില്‍ ജേക്കബ് തോമസ് പറഞ്ഞിരുന്നു. എന്നാല്‍ ഈ 28 കേസിലും ജേക്കബ് തോമസല്ല പരാതിക്കാരനെന്നും അതിനാല്‍ ആരില്‍ നിന്നും ജേക്കബ് തോമസ് ഭീഷണി നേരിടുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും കോടതി പരിഗണിക്കും.

Category: Breaking News, KERALA, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.