തേനി കാട്ടുതീ;ഒന്‍പത് പേര്‍ മരിച്ചതായി സൂചന

തേനി:തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു. തീപിടുത്തമുണ്ടായ സ്ഥലത്ത് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരില്‍ നിന്നും ലഭിക്കുന്ന വിവരം.

48 പേരടങ്ങുന്ന ഒരു സംഘവും 12 പേരടങ്ങുന്ന മറ്റൊരു സംഘവുമാണ് ട്രക്കിംഗിനായി വനത്തില്‍ പ്രവേശിച്ചതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വിശദമായ വിവരങ്ങളൊന്നും അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 27 പേരെ രക്ഷപ്പെടുത്തിയതായി തേനി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഒന്‍പത് പേര്‍ ഇപ്പോഴും വനത്തില്‍ കുടുങ്ങി കിടക്കുന്നതായും തേനി ജില്ലാ ഭരണകൂടം അറിയിക്കുന്നു.

കുരുങ്ങുമണി വനത്തിന് താഴെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കാണ് രക്ഷാപ്രവര്‍ത്തകര്‍ പൊള്ളലേറ്റവരെ ആദ്യമെത്തിക്കുന്നത്. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം 40–50 ശതമാനം പൊള്ളലേറ്റവരെ ധോണിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും അതിലേറെ പൊള്ളലേറ്റവരെ തേനിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റുന്നുണ്ട്.

രക്ഷപ്പെടുത്തിയവരില്‍ 4 പേരെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി തമിഴ്നാട് ആരോഗ്യമന്ത്രി കുരങ്ങിണിവനത്തിന്‍റെ താഴ്വാരത്തില്‍ എത്തിയിട്ടുണ്ട്. തീപിടുത്തമുണ്ടായ മേഖലയ്ക്ക് മുകളില്‍ വ്യോമസേനാ ഹെലികോപ്ടറുകള്‍ നിരീക്ഷണം നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടുതല്‍ കമാന്‍ഡോകളെ ഇവിടേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ നാല് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്നും രാത്രിയോടെ തന്നെ ഗരുഡ് കമാന്‍ഡോകള്‍ വനത്തില്‍ പ്രവേശിച്ചെന്നും ഇവരില്‍ ഒരു സംഘം അപകടസ്ഥലത്താണുള്ളതെന്നും പ്രതിരോധവകുപ്പ് അറിയിച്ചു.

അതേസമയം അപകടത്തില്‍പ്പെട്ടവര്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് വനത്തില്‍ പ്രവേശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വനത്തിനുള്ളിലേക്ക് ഒരു കുട്ടിയാണ് ഇവരെ നയിച്ചതെന്നും ചെങ്കുത്തായ വനമേഖലയില്‍ പെട്ടെന്നുണ്ടായ കാട്ടുതീ നേരിടാനാവാതെ വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം.

കാട്ടുതീ നിയന്ത്രിക്കാന്‍ അങ്ങേയറ്റം പ്രയാസകരമായ മേഖലയാണ് കുരങ്ങിണിയെന്ന് മൂന്നാര്‍ മുന്‍ ഡിഎഫ്ഒ ഫ്രാന്‍സിസ് പറഞ്ഞു.

Category: Breaking News

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.