കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായി തുടരുകയാണ്. അടുത്ത 36 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്പെടാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും ഇന്നും നാളെയും മഴയുണ്ടാകും. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെയാകാം. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ മത്സ്യതൊഴിലാളികൾക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും തുടരുകയാണ്.

ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത പാലിക്കാൻ കഴിഞ്‍ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ജാഗ്രതാ നിർദേശം നൽകിയ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മത്സ്യബന്ധനത്തിന് പുറംകടലിൽ പോയവരെ തിരിച്ചെത്തിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുറംകടലിൽ ഉള്ളവരെ തിരിച്ചെത്തിക്കാൻ കോസ്റ്റ്ഗാർഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും മുഖ്യമന്ത്രി നിർദേശം നൽകി.

Category: KERALA, LATEST NEWS, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.