പ്രവാസി മലയാളി ആത്മഹത്യ: എഐവൈഎഫുകാര്‍ക്ക് ജാമ്യം

കൊല്ലം: പുനലൂരിൽ പ്രവാസി മലയാളി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ എഐവൈഎഫ് പ്രവർത്തകർക്ക് ജാമ്യം. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് ഉൾപ്പടെയുള്ളവർക്കാണ് കൊല്ലം ജില്ലാ കോടതി ജാമ്യം നൽകിയത്.

എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിലാണ് ഉടമ സുഗതന്‍ ജീവനൊടുക്കിയത്.

ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും ആറു മാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്വന്തമായൊരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇതനുസരിച്ച് പുനലൂര്‍ ഇളമ്പലിൽ സ്ഥലം വാടകയ്‌ക്കെടുത്ത് വര്‍ക്ക്‌ഷോപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് വയല്‍നികത്തിയ സ്ഥലത്താണ് വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രംഗത്തു വന്നു.

വര്‍ക്ക്‌ഷോപ്പിന് മുന്‍പില്‍ ഇവര്‍ കൊടികുത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെ തന്റെ ബിസിനസ് സംരഭം തകര്‍ന്ന വേദനയില്‍ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. പണം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞു പിതാവിനെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമീപിച്ചതായി സുഗതന്റെ മകന്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Category: KERALA, KOLLAM, LATEST NEWS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.