പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ പേരിലുള്ള ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തു എന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് മോദിയേയും ആപ്പിനേയും പരിഹസിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രംഗത്തെത്തിയത്.

ഞാന്‍ നരേന്ദ്രമോദി എന്റെ ആപ്പില്‍ കയറിയാല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ കൈമാറും. പതിവുപോലെ പ്രധാനപ്പെട്ട ഈ വാര്‍ത്തയും മുക്കിയതിന് മുഖ്യധാര മാധ്യമങ്ങള്‍ക്ക് നന്ദി. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രാജ്യത്തെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നതായി കണ്ടെത്തിയിരുന്നു. ഫ്രഞ്ച് ടെക് ഗവേഷകന്‍ എലിയറ്റ് ആന്റേഴ്‌സണാണ് ഇതുസംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപിനാണ് മോദിയുടെ ആന്‍ഡ്രോയ്ഡ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത്. ആപ്ലിക്കേഷനില്‍ പ്രൊഫൈല്‍ നിര്‍മിക്കുന്നവരുടെ മൊബൈല്‍ വിവരങ്ങള്‍, വ്യക്തി വിവരങ്ങള്‍ തുടങ്ങിയവ ഉപയോക്താവിന്റെ അനുമതി ഇല്ലാതെ തന്നെ ചോര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

in.wzrkt.com എന്ന ഡൊമൈന്‍ വഴിയാണ് വ്യക്തികളുടെ സ്വകാര്യസാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഡൊമൈന്റെ കേന്ദ്രം അന്വേഷിച്ച എലിയറ്റിന് ക്ലെവര്‍ ടാപ് എന്ന അമേരിക്കന്‍ കമ്പനിക്കാണ് മോദി ആപ്പ് വിവരങ്ങള്‍ നല്‍കുന്നതെന്ന് കണ്ടെത്താനായിട്ടുണ്ട്.

ഇതാദ്യമായല്ല വ്യക്തിവിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക എലിയറ്റ് കൊണ്ടുവരുന്നത്. മുമ്പ് വണ്‍ പ്ലസ് എന്ന മൊബൈല്‍ നിര്‍മാണ കമ്പനി ക്ലിപ്‌ബോര്‍ഡിലെ വിവരങ്ങള്‍ ചൈനീസ് കമ്പനിക്ക് ചോര്‍ത്തി നല്‍കിയതും എലിയറ്റ് പുറത്തുകൊണ്ടുവന്നിരുന്നു.

Category: POLITICS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.